കോഴിക്കോട് ∙ ചാലിയാർ പുഴയിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചാലിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടെ. സുധീഷിനെ ശനിയാഴ്ച കാണാതായ സ്ഥലത്തിന്റെ 50 മീറ്റർ മാറി മാവൂർ ഫയർ യൂണിറ്റിലെ അംഗങ്ങൾ തിങ്കളാഴ്ച രാവിലെ ഡിങ്കി ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തെ ലീവിന് അഞ്ചു ദിവസം മുൻപാണ് സുധീഷ് പെരുവയലിലെ വീട്ടിലെത്തിയത്. മാവൂർ ഊർക്കടവ് റഗുലേറ്റർ കം ബ്രിജിന്റെ പടിഞ്ഞാറു വശത്ത് മീൻ പിടിക്കാനായി വലവീശുന്നതിനിടെ കാലു തെന്നി പുഴയിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. പാലത്തിനു മുകളിലൂടെ പോയ ചില വിദ്യാർഥികളാണ് ഒരാൾ ഒഴുക്കിൽപ്പെട്ടെന്ന വിവരം നാട്ടുകാരെ അറിയിച്ചത്.